ഹിമവദ് ഗോപാലസ്വാമി ബെട്ട, കേരളത്തോട് ചേര്‍ന്നു കിടക്കുന്ന ബന്ദിപ്പൂര്‍ വനത്തിലെ എറ്റവും ഉയരം കൂടിയ മല, ബെട്ട എന്ന കന്നഡ വക്കിന്റെ അര്‍ഥം തന്നെ മല എന്നാണ്. ക്രിസ്ത്വബ്ദം 1315 കാലഘട്ടത്തില്‍ ചോളരാജാവായിരുന്ന ബെല്ലാല(?) നിര്‍മ്മിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ടിവിടെ.
ഗോപാലസ്വാമി ക്ഷേത്രം
അരിമ്പ്രമലകയറിയതിന്റെ ആവേശം തണുപ്പിച്ചുകോണ്ടിരിക്കുമ്പോഴാണ് ഗുണ്ടല്‍പ്പേട്ടിലെ സൂര്യകാന്തിപ്പൂക്കള്‍ വിരുന്നുകാരായി വന്നത്, സൂര്യകാന്തികള്‍ ഉണങ്ങുന്നതിന് മുന്‍പവിടെയൊന്നു പോകണം എന്ന ചിന്തക്ക് മുന്‍തൂക്കം ലഭിച്ചു കൊണ്ടിരുന്നു. കോഴിക്കോട് ചെന്നു ബസ്സില്‍ കയാറാം എന്നായിരുന്നു എന്റെ മനസ്സില്‍ പക്ഷെ കൂടയുള്ളവര്‍ക്കു ബസ്സ് അലര്‍ജിയാണ്. സുരയുടേയും പ്രശന്തിന്റെയും കൂടിയുള്ള കൂലങ്കഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഞാനും പ്രശാന്തും കാറില്‍ തന്നെ പോകാം എന്നു തീരുമാനിച്ചു.
ഗൂഡല്ലൂരിലൂടെ

ഗോപാലസ്വാമി ക്ഷേത്രകവാടം
സമയം രാത്രി ഏകദേശം പത്തുമണിയായി, അത്താഴവും കഴിഞ്ഞു യാത്ര തുട്റ്റങ്ങി വൈകുന്നേരം വരെയുള്ള പരിപാടികളുടെ തളര്‍ച്ചയുണ്ടെങ്കിലും യാത്രയുടെ ത്രില്‍ ഞങ്ങളെ ഉത്സാഹഭരിതരാക്കി. അങ്ങനെ മഞ്ചേരി നിലമ്പൂര്‍ വഴിക്കടവ് വഴി നാടുകാണിച്ചുരം കയറാനായി എസ്‌എക്സ്4 മുരണ്ടു. മഞ്ചേരിയില്‍ നിന്ന് പെട്രോളുമടിച്ച് നിലമ്പൂര്‍ വഴി വഴിക്കടവിലെത്തി, നാടുകാണിച്ചുരത്തിന്റെ തുടക്കം. നാടുകാണിച്ചുരം, എന്നും സിരകളെ ത്രസിപ്പിച്ചിരുന്ന യാത്ര വന്‍മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വനത്തിലൂടെ അധികം വാഹങ്ങളില്ലാത്ത വഴി.
ഒരു കാലത്ത് ബൈക്കില്‍ തനിയെ ചീവീടുകളുടെ ശബ്ദം മാത്രമുള്ള കോട മൂടുന്ന ചുരം കയറി നാടുകാണിയില്‍ ചെന്ന് തിരിച്ചു വരിക എന്നതൊരു ഭ്രാന്തമായ വിനോദമായിരുന്നു. വഴിക്കടവില്‍ നിന്ന് ചായയും കുടിച്ച് ചുരം കയറി നാടുകാണിയിലെത്തുമ്പോള്‍ ഏകദേശം പന്ത്രണ്ട് മണി. ഗൂഡല്ലൂരില്‍ മുറിയെടുത്ത് താമസിക്കാം എന്നുള്ള വിചാരത്തിന് തല്‍ക്കാലം അവധികൊടുത്ത് മുന്നോട്ട് തന്നെ.

രാത്രി ഒരു മണിയോടെ ഗൂഡല്ലൂരില്‍ നിന്നും പതിനേഴ് കിലോമീറ്ററകലയുള്ള തൊപ്പക്കാടെത്തുമ്പോഴേക്കും ഉറക്കം കീഴ്പ്പെടുത്താന്‍ തുടങ്ങിയിരുന്നു, അവിടെ ബസ്സുകളുടെ സ്ഥിരം താവളമായ ചായക്കടയിലെ ലോഡ്ജില്‍ അന്നു രാത്രി തങ്ങി.
രാവിലെ നാലരയായപ്പൊള്‍ മൊബൈലിലെ അലാം അടിക്കുന്നതിനും മുന്‍പ് കോഴിയുടെ സൈറണ്‍ കേട്ടുണര്‍ന്നു. ഒരു കട്ടന്‍ ചായയും കുടിച്ച് തണുത്തവെള്ളത്തിലൊരു കുളിയും കഴിഞ്ഞ് വാഹനത്തിലേക്ക്. എകദേശം അഞ്ചരയായി നേരം വെളുക്കാന്‍ തുടങ്ങുന്നു. കൊച്ചു വെളുപ്പാന്‍ കാലത്ത് ഞങ്ങളെ ചെക്പോസ്റ്റില്‍ കണ്ട പോലീസുകാരന്‍ വല്ലതും തടയാന്‍ കൈനീട്ടി. തമിഴന്റെ മലയാളത്തില്‍ - ഒരു നയന്റി അടിക്കാന്‍ ഫ്രണ്ട്ഷിപ്പിന്റെ പേരില്‍ - അയാള്‍ ചിലമ്പിക്കൊണ്ടിരുന്നു, മുപ്പത് രൂപകൊടുത്തൊതോഴിവാക്കി.

ബന്ദിപ്പൂരിലെ പ്രഭാതം
നേരം വെളുത്തുവരുന്നു കര്‍ണാടക അതിര്‍ത്തി കഴിഞ്ഞു കുറച്ചു മുന്നോട്ടു പോയപ്പൊള്‍ കണ്ട വെളിമ്പ്രദേശത്തു നിന്ന് കുറച്ച് ഫോട്ടോയുമെടുത്തു.
ഗുണ്ടല്‍പ്പേട്ടിലേക്ക്
ഊട്ടി മൈസൂര്‍ റോഡില്‍ ഗുണ്ടല്‍പ്പേട്ട് എത്തുന്നതിന് പത്തുകിലോമീറ്റര്‍ മുന്‍പാണ്, ഹിമവദ് ഗോപാലസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴി തിരിയുന്നത്. വ്യക്തമായ ബോര്‍ഡുകള്‍ ഉണ്ടായിരുന്നതിനാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല, മാത്രമല്ല വഴിതുടങ്ങുന്നിടത്ത് ഒരു കമാനവുമുണ്ട്. ഗോപാലസ്വാമി ബെട്ടയുടെ മുകളിലെത്താന്‍ ഇവിടെ നിന്ന് ഏകദേശം പതിനാറുകിലോമീറ്റര്‍.

സൂര്യകാന്തിപ്പൂക്കൾ പൂത്തുനിൽക്കുന്ന പാടങ്ങളുടെ ഓരത്തുകൂടിയുള്ള യാത്ര ഒരു നവ്യാനുഭവമായിരുന്നു. ഏകദേശം പത്ത് കിലോമീറ്ററോളം നിരപ്പായികിടക്കുന്ന പ്രദേശത്തുകൂടിയുള്ള യാത്രകഴിഞ്ഞ് മലമുകളിലേക്കുള്ള പാത തുടങ്ങുന്നു, ഇവിടെ കർണാടക വനം വകുപ്പിന്റെ ഒരു ചെക്പോസ്റ്റ് ഉണ്ട്.

ഗോപാലസ്വാമി ബെട്ടയിൽ വീഡിയോഗ്രാഫിയും അനധികൃത ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്, കാറിന് അൻപതു രൂപ പ്രവേശനഫീസായി നൽകണം.

മലമുകളിലേക്കുള്ള യാത്ര രസകരമാണ്, താഴെ മഞ്ഞ നിറത്തിൽ സൂര്യകാന്തിപ്പൂക്കളുടെ പാടങ്ങളും മുകളിൽ നീല അകാശത്തെ മുട്ടുരുമ്മുന്ന കോടമൂടിയ മലകളും. പുൽതകിടുകളും വന്മരങ്ങളും നിറഞ്ഞയീമലകൾ നാനാജാതി പക്ഷികളുടെയും പലതരം മൃഗങ്ങളുടെയും വാസസ്ഥലമാണ്.

സമയം ഏകദേശം രാവിലെ എട്ടുമണിയായപ്പോൾ ഞങ്ങൾ മലമുകളിൽ എത്തി, തണുപ്പുള്ള കോടമഞ്ഞുള്ള വളരെ മനോഹരമായ സ്ഥലം. പഴയ രീതിയിൽ കൊത്തുപണികളുള്ള അധികം വലുതല്ലെങ്കിലും മനോഹരമായ അമ്പലം. അമ്പലമുറ്റത്തുനിന്നാൽ പടിഞ്ഞാറ് ഭാഗത്ത് അടുത്ത് ബന്ദിപ്പൂർ വനത്തിലെ പുൽമേടുകൾ കുറച്ചകലെ വയനാടൻ മലകളും. കിഴക്കുഭാഗത്ത് ചാമരാജ് നഗർ ജില്ലയുടെ സമതലപ്രദേശങ്ങളും. കാവൽനിന്ന വനപാലകൻ ഞങ്ങളെ കുറച്ചുദൂരം പുൽതകിടിയിലൂടെ നടക്കാൻ അനുവദിച്ചു.

സമയമുണ്ടെങ്കിൽ ഒരു ട്രെക്കിംഗിന് സഹായിക്കാനുള്ള സന്നദ്ധത അയാൾ പ്രകടിപ്പിച്ചുവെങ്കിലും, പ്രശാന്തിനതിലൊട്ടും താല്പര്യമില്ലാത്തതിനാൽ (പേടികൊണ്ട് :-) ) അതു വേണ്ട എന്നു വെച്ചു. കുറച്ചു നേരം അവിടെ തന്നെ ചിലവഴിച്ച് ഞങ്ങൾ പതുക്കെ തിരിച്ചു വന്ന്, സൂര്യകാന്തിപ്പാടങ്ങളുടെ ഇടയിലൂടെ ഗുണ്ടൽപ്പേട്ട് സുൽത്താൻ ബത്തേരിറോഡിൽ വന്നു ചേർന്ന്, സുൽത്താൻ ബത്തേരി വഴി വീട്ടിലേക്ക് പോന്നു.
വിവരങ്ങൾ

ഗുണ്ടൽപേട്ട് - കർണ്ണാടകയിൽ ചാമരാജനഗർ ജില്ലയിൽ ഉൾപ്പെടുന്ന ഇവിടം മൈസൂരിൽ നിന്ന് ഊട്ടി റോഡിൽ അറുപതു കിലോമീറ്ററോളം ദൂരെയാണ് അല്ലെങ്കിൽ സുൽത്തൻബത്തേരിയിൽ നിന്ന് അൻപത്തിരണ്ട് കിലോമീറ്ററോ, നിലമ്പൂരിൽ നിന്ന് ഗൂഡല്ലൂർ വഴി ഏകദേശം എഴുപതു കിലോമീറ്ററോ യാത്ര ചെയ്താൽ ഇവിടെയെത്താം. പ്രധാനമായും കൃഷി, വിശാലമായ പാടശേഖരങ്ങളിൽ റാഗി, ജോവർ, ചോളം എന്നിവയും കൃഷി ചെയ്യുന്നു. ബന്ദിപ്പൂർ വനമേഘലയോട് ചേർന്ന് ധാരാളം റിസോർട്ടുകൾ ഊണ്ട്. തമിഴ്‌നാട്ടിലെ തൊപ്പക്കാട്, ഗുണ്ടൽപ്പേട്ട് നിന്ന് ഊട്ടി റോഡിൽ ഏകദേശം മുപ്പത് കിലോമീറ്റർ.

ഗോപാലസ്വാമി ബെട്ട - സമുദ്രനിരപ്പിൽ നിന്ന് 1454 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു ഇവിടെ ചോളരാജാക്കന്മാർ അവരുടെ പ്രതാപകാലത്ത് നിർമ്മിച്ച ശ്രീകൃഷ്ണക്ഷേത്രമുണ്ട്. പിന്നീട് വന്ന മൈസൂർ രാജ്യത്തിലെ വിഷ്ണു ഭക്തരായ വൊഡയാർ രാജകുടുംബം ഈ ക്ഷേത്രത്തെ സംരക്ഷിച്ചു നിർത്തി. ഇപ്പോൾ ഇവിടം ബന്ദിപ്പൂർ വനമേഘലയുടെ ഭാഗമാണ്. മലമുകളിൽ വനം വകുപ്പിന്റെ ഒരു ഗസ്റ്റ് ഹൌസ് ഉണ്ട്, ട്രെക്കിംഗിനും വീഡിയോ എടുക്കാനും വനം വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുവാദം വേണം.